ഡി.കെ.ശിവകുമാര്‍ ‘പണി’ തുടങ്ങി; കര്‍ണാടകയില്‍ കാണാതായ എം.എല്‍.എമാരില്‍ ഒരാള്‍ തിരികെയെത്തി

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില് വീണ്ടും നാടകീയ നീക്കങ്ങള്. ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയതായി അഭ്യൂഹങ്ങള് പരക്കുന്നതിനിടെ കാണാതായ കോണ്ഗ്രസ് എം.എല്.എ ഭീമാനായിക് തിരിച്ചെത്തി. മൊബൈല് ഫോണ് ചാര്ജര് എടുക്കാന് മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാന് കഴിയാതിരുന്നതെന്ന് ഭീമാനായികിന്റെ വിശദീകരണം. കോണ്ഗ്രസിലെ മുതിര്ന്ന നേതാക്കന്മാര് ഭീമാ നായിക്കുമായി ചര്ച്ച നടത്തുകയാണ്. നേരത്തെ മുംബൈയിലായിരുന്നു ഇദ്ദേഹം എന്നായിരുന്നു റിപ്പോര്ട്ടുകള്. താന് ഗോവയിലായിരുന്നുവെന്ന് നായിക് വ്യക്തമാക്കി.
കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്ന ബി.ജെ.പി നടപടിക്ക് അതേനാണയത്തില്‍ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡി.കെ ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഭീമാ നായിക് തിരികെയെത്തിയിരിക്കുന്നത്. ഡി.കെ ശിവകുമാറിന്റെ തന്ത്രങ്ങളാണ് എം.എല്‍.എമാരെ തിരികെയെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോള്‍ നിര്‍ണായക രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ഡി.കെ ശിവകുമാര്‍.
ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടം ദേശീയ തലത്തില്‍ തന്നെ അവര്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് എംഎല്‍.എമാരെ ഉടന്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ ബിജെപിക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 എം എല്‍ എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയൂ.