മിഷന്‍ ഗഗന്‍യാന്‍; ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്ന ആദ്യഘട്ടം പൂര്‍ത്തിയാക്കി വ്യോമസേന

ന്യൂഡല്‍ഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യന് ദൗത്യത്തിന് ആദ്യഘട്ട സെലക്ഷന് പൂര്ത്തിയാക്കി വ്യോമസേന. മൂന്ന് ബഹിരാകാശ യാത്രികരെയാണ് ബഹിരാകാശത്തേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നത്. 2022ലാണ് ഗഗന്‍യാന്‍ ദൗത്യം പ്രാവര്‍ത്തികമാകുക. ഇതിനായി ടെസ്റ്റ് പൈലറ്റുമാരുടെ ഒരു പൂള്‍ എയര്‍ ഫോഴ്‌സ് തയ്യാറാക്കി. ഇവരെ വിവിധ തലത്തിലുള്ള പരിശോധനകള്‍ നടത്തിയായിരിക്കും മൂന്ന് പേരെ തെരഞ്ഞെടുക്കുക.
ആദ്യ ഘട്ട തെരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ 25 ടെസ്റ്റ് പൈലറ്റുമാര്‍ പങ്കെടുത്തുവെന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇവര്‍ക്ക് ശാരീരിക ക്ഷമത, ലാബ്, റേഡിയോളജിക്കല്‍, ക്ലിനിക്കല്‍ പരിശോധനകളും മാനസികാരോഗ്യ പരിശോധനയും നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനിലായിരുന്നു പരിശോധനകളെന്ന് എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്തു.
ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന രാജ്യങ്ങളെല്ലാം തന്നെ ആദ്യ യാത്രയിലെ യാത്രക്കാരെ സൈന്യത്തില്‍ നിന്നാണ് തെരഞ്ഞെടുക്കാറുള്ളതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയും അപ്രകാരം തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ നമ്മുടെ വ്യോമസേനയില്‍ വനിതാ ടെസ്റ്റ് പൈലറ്റുമാരില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന പൈലറ്റുമാര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കും. നവംബറിന് ശേഷമായിരിക്കും പരിശീലനം. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്നു.