ഗോഡ്‌സെയെ ദേശസ്‌നേഹിയാക്കിയ പ്രഗ്യാ സിംഗിന് മാപ്പില്ല; മൗനം വെടിഞ്ഞ് മോദി
ന്യൂഡല്‍ഹി: രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ഗോഡ്‌സയെ ദേശസ്‌നേഹിയെന്ന് വിളിച്ച ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഗ്യയുടെ വാക്കുകള് അതിദാരുണമാണ്. ഗാന്ധിജിയെ അപമാനിച്ച പ്രഗ്യയ്ക്ക് തനിക്കൊരിക്കലും മാപ്പ് നല്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രഗ്യയ്ക്ക് പിന്തുണയുമായി കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നായിരുന്നു മധ്യപ്രദേശ് ബി.ജെ.പി വക്താവ് അനില്‍ സൗമിത്ര പറഞ്ഞിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഗാന്ധിയെ രാഷ്ട്ര പിതാവാക്കിയത്. രാജ്യത്തിന് അത്തരമൊരു രാഷ്ട്രപിതാവിനെ ആവശ്യമില്ലെന്നും അനില്‍ സൗമിത്ര ആക്ഷേപിച്ചിരുന്നു.
എന്നാല്‍ മറ്റു നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മോദി തയ്യാറായില്ല. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായി തുടരും. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നുമായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഹിന്ദുവായ ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് കമല്‍ ഹാസന്‍ പറഞ്ഞതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന.
എന്നാല്‍ വിഷയത്തില്‍ ബി.ജെ.പിയുടെ ചില നേതാക്കള്‍ പ്രഗ്യാ സിംഗിനെ തള്ളി രംഗത്ത് വന്നതോടെ വിവാദങ്ങളും ഉടലെടുത്തു. ഇക്കാര്യത്തില്‍ പ്രഗ്യയോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞിരുന്നു. പിന്നാലെ പ്രഗ്യ പ്രസ്താവന പിന്‍വലിച്ചു. വ്യക്തിപരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നുമായിരുന്നു പ്രഗ്യയുടെ പ്രതികരണം.