പട്ടാളക്കാരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോഡി ചട്ടംലംഘനം നടത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മഹാരാഷ്ട്രയിലെ ലാത്തൂരില് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോഡിയുടെ വിവാദ പ്രസംഗം.
 | 
പട്ടാളക്കാരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോഡി ചട്ടംലംഘനം നടത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ന്യൂഡല്‍ഹി: പട്ടാളക്കാരുടെ പേര് പറഞ്ഞ് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ചട്ടംലംഘനം നടത്തിയതായി മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പ്രാഥമിക പരിശോധനയില്‍ പ്രധാനമന്ത്രി ചട്ടം ലംഘനം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോഡിയുടെ വിവാദ പ്രസംഗം.

പതിനെട്ട് വയസ് പൂര്‍ത്തിയായ രാജ്യത്തെ കന്നി വോട്ടര്‍മാര്‍ ബാലാകോട്ടില്‍ തിവ്രവാദ കേന്ദ്രം ആക്രമിച്ച നമ്മുടെ ധീരരായ വ്യോമസേന പൈലറ്റുമാരുടെ പേരില്‍ വോട്ട് ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് മോഡി ലാലത്തൂരില്‍ ചോദിച്ചു. കൂടാതെ പുല്‍വാമയില്‍ മരിച്ച ജവാന്‍മാര്‍ക്കായി ഇത്തവണ വോട്ട് ചെയ്യണമെന്നും മോഡി പറഞ്ഞിരുന്നു. അതി ദാരുണമായി കൊല്ലപ്പെട്ട പട്ടാളക്കാരെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പിന്നാലെയാണ് മോഡിയുടെ പ്രസംഗം പുറത്തുവന്നത്.

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് മോഡി ലാലത്തൂരില്‍ പ്രസംഗിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ ചട്ടംലംഘനം നടത്തിയിരുന്നു. പട്ടാളക്കാരെ മോഡിയുടെ സൈന്യമെന്നാണ് യോഗി വിശേഷിപ്പിച്ചത്. ഇതേതുടര്‍ന്ന് യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് പെരുമാറ്റ ചട്ടംലംഘനം നടത്തിയതിന് കമ്മീഷന്‍ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.