മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് മൂഡ് ഓഫ് ദ നേഷൻ സർവേ

കോവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചയും വിലക്കയറ്റവും പ്രധാനകാരണം
 | 
modi

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഒരു വർഷത്തിനുള്ളിൽ കുത്തനെ ഇടിഞ്ഞുവെന്ന് ഇന്ത്യ ടുഡെ സർവെ. തിങ്കളാഴ്ച പുറത്തുവിട്ട 'മൂഡ് ഓഫ് ദ് നേഷൻ' സർവേ പ്രകാരം മോദിയുടെ ജനപ്രീതി ഒരു വർഷത്തിനുള്ളിൽ 66 ശതമാനത്തിൽനിന്ന് 24 ശതമാനമായാണു കുറഞ്ഞത്.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വന്നുവെന്നതാണ് ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണമായി സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയത്. കോവിഡിന്റെ ആദ്യതരംഗം മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനെ തുടർന്ന് 2021 ജനുവരിൽ 73 ശതമാനമായി ജനപ്രീതി ഉയർന്നിരുന്നു. എന്നാൽ രണ്ടാം തരംഗത്തിലെ പ്രശ്നങ്ങൾ മൂലം ഇപ്പോൾ 49 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. 


തിരഞ്ഞെടുപ്പ് റാലികൾ ഉൾപ്പെടെ വമ്പൻ ജനക്കൂട്ടങ്ങളാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനു കാരണമായതെന്ന് സർവേയിൽ പങ്കെടുത്ത 27 ശതമാനം പേർ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കാരണമെന്ന് 26 ശതമാനം പറഞ്ഞു. സർക്കാർ കണക്കുകളേക്കാൾ അധികം പേർക്കു കോവിഡ് ബാധിച്ചിട്ടുണ്ടെന്നും മരണനിരക്ക് കൂടുതലാണെന്നും 71 ശതമാനം അഭിപ്രായപ്പെട്ടു.


മരണനിരക്ക് ഉയർന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് 44 ശതമാനം പേർ പറഞ്ഞത്. രാജ്യത്ത് അവശ്യവസ്തുക്കൾക്കു രൂക്ഷമായ വിലക്കയറ്റം ഉണ്ടായത് എൻഡിഎ സർക്കാരിന്റെ പരാജയമാണെന്ന് 29 ശതമാനം അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ വർധിച്ചതും മോദി സർക്കാരിന്റെ പരാജയമായാണ് 23 ശതമാനം പേർ സർവെയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


മോദിക്കു ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മുൻഗണന. 11 ശതമാനം പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 10 ശതമാനം പേരുടെ പിന്തുണയുമായി മൂന്നാമതാണ്. 2020ൽ രാഹുലിന്റെ ജനപ്രീതി 8 ശതമാനമായിരുന്നു. യോഗിയുടെ ജനപ്രീതി 2019ൽ 3 ശതമാനവും.


പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 11 മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തു മാത്രമാണ് യോഗി. ജൂലൈ 10നും 22നും ഇടയിൽ നടത്തിയ സർവേയിൽ 14,599 പേർ പങ്കെടുത്തു. 19 സംസ്ഥാനങ്ങളിലെ 115 പാർലമെന്റ് മണ്ഡലങ്ങളിലും 230 നിയമസഭാ മണ്ഡലങ്ങളിലും നടന്ന സർവേയിൽ 71 ശതമാനം പേർ ഗ്രാമീണമേഖലയിൽനിന്നും 29 ശതമാനം നഗരപ്രദേശത്തുനിന്നുമായിരുന്നു.