ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് ബൈക്ക് ഹാന്‍ഡിലിന്റെ ഗ്രിപ്പ്; ഭര്‍ത്താവ് പിടിയില്‍

രണ്ടു വര്ഷം മുമ്പ് ഒരു വഴക്കിനിടയിലാണ് ഇവരുടെ സ്വകാര്യ ഭാഗത്ത് ഭര്ത്താവ് ബൈക്ക് ഹാന്ഡില് ഭാഗം കുത്തിക്കയറ്റിയത്.
 | 
ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് ബൈക്ക് ഹാന്‍ഡിലിന്റെ ഗ്രിപ്പ്; ഭര്‍ത്താവ് പിടിയില്‍

ഇന്‍ഡോര്‍: സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ബൈക്ക് ഹാന്‍ഡിലിന്റെ ആറിഞ്ച് നീളമുള്ള പ്ലാസ്റ്റിക് ഭാഗം. ഇന്‍ഡോറിലാണ് സംഭവം. രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ചെയ്ത ക്രൂരതയാണ് ഇതെന്ന് വ്യക്തമായി. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ പ്രകാശ് ഭില്‍ (രാമ) എന്ന 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി താന്‍ കഠിനമായ വേദന അനുഭവിച്ചു വരികയായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു.

36 കാരിയായ ആദിവാസി യുവതിയാണ് പരാതിക്കാരി. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ താമസിക്കുന്ന ഇവര്‍ ആറു കുട്ടികളുടെ അമ്മയാണ്. 15 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ഒരു വഴക്കിനിടയിലാണ് ഇവരുടെ സ്വകാര്യ ഭാഗത്ത് ഭര്‍ത്താവ് ബൈക്ക് ഹാന്‍ഡില്‍ ഭാഗം കുത്തിക്കയറ്റിയത്. നാണക്കേട് ഭയന്ന് രണ്ടു വര്‍ഷത്തോളം ഇവര്‍ ഇതു പുറത്തു പറയാതിരിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തപ്പോളാണ് യുവതിക്കു നേരെ ഇയാള്‍ ഈ ക്രൂരത കാട്ടിയത്. വേദന സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് സ്ത്രീ വിവരം പുറത്തു പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സ്ത്രീ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ച് ശസ്ത്രക്രിയക്ക് വിധേയയാകാനായിരുന്നു അവിടെ നിന്ന് ലഭിച്ച നിര്‍ദേശം.

പോലീസ് കേസെടുത്ത ശേഷം യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. യുവതിയുടെ ഗര്‍ഭപാത്രം, ചെറുകുടല്‍, മൂത്രനാളി എന്നിവയ്ക്ക് പ്ലാസ്റ്റിക് ഗ്രിപ്പ് തകരാറുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.