വിദേശ ബാങ്കിലെ നിക്ഷേപം വെളിപ്പെടുത്തിയില്ല; മുകേഷ് അംബാനി കുടുംബത്തിന് നോട്ടീസ്

മുംബൈ: മുകേഷ് അംബാനിയുടെ കുടുംബത്തിന് ഇന്കം ടാക്സ് ഡിപ്പാര്ട്ട്മെന്റിന്റെ നോട്ടീസ്. വിദേശ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ നിക്ഷേപം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ്. മാര്‍ച്ച് 28നാണ് നോട്ടീസ് നല്‍കിയതെന്നും ഏപ്രില്‍ 12ന് ഹാജരായി വീശദീകരണം നല്‍കണമെന്നായിരുന്നു ആദായ നികുതി വകുപ്പ് ഇവരോട് ആവശ്യപ്പെട്ടത്. ഇതിനായി സിറ്റിംഗ് നടത്തിയിരുന്നു. എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവയിലെ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിലെ നിക്ഷേപം അംബാനി കുടുംബത്തിന്റെയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നോട്ടീസ് ലഭിച്ചുവെന്ന വാര്‍ത്ത റിലയന്‍സ് വക്താവ് നിഷേധിച്ചു. ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയത് 2003 നവംബറിലാണെന്നും ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ളത് സ്വകാര്യ ട്രസ്റ്റായ ഹരിനാരായണ്‍ എന്റര്‍പ്രൈസസ് ആണെന്നും കമ്പനി വിശദീകരിക്കുന്നു.