1.7 കോടി വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി മുംബൈ സ്വദേശി പിടിയില്‍

മുംബൈ: 1.7 കോടി വിലവരുന്ന തിമിംഗല ഛര്ദ്ദിയുമായി (ആംബര്ഗ്രിസ്) മുംബൈ സ്വദേശി പിടിയില്‍. 1.3 കിലോ ഭാരമുള്ള ആംബര്‍ഗ്രിസ് ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പെര്‍ഫ്യൂം നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആംബര്‍ഗ്രിസ് സ്‌പേം തിമിംഗലങ്ങളുടെ വയറ്റിലാണ് ഉണ്ടാകുന്നത്. മെഴുകു പോലെയുള്ള ഈ വസ്തു തിമിംഗലങ്ങള്‍ ഛര്‍ദ്ദിച്ചു കളയുകയാണ് ചെയ്യുന്നത്.
ഇന്ത്യയില്‍ ഇത് കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇതു കൈവശം വെച്ചിരുന്ന രാഹുല്‍ ദുപാരെ എന്ന 53 കാരന്‍ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിയാണ് സ്‌പേം തിമിംഗലം. ആല്‍ക്കഹോള്‍, ക്ലോറോഫോം, ഈതര്‍ തുടങ്ങിയവയില്‍ മാത്രം ലയിക്കുന്ന ആംബര്‍ഗ്രിസ് വിലയേറിയ പെര്‍ഫ്യൂമുകള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്.