കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: കര്‍ണാടകയിലെ മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. ശിവകുമാറിനെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും കലിന യൂണിവേഴ്‌സിറ്റി റെസ്റ്റ് ഹൗസിലേക്ക് മാറ്റി. നാലു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന നിബന്ഘന ലംഘിച്ചതിനാലാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇന്നലെ മുതല്‍ 12-ാം തിയതി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു ശിവകുമാര്‍. ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലീസ് തടഞ്ഞതോടെ താന്‍ എംഎല്‍എമാരെ കണ്ടതിനു ശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടിലായിരുന്നു നേതാവ്. റിനൈസന്‍സ് മുംബൈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹോട്ടലിലാണ് വിമത എംഎല്‍മാര്‍ താമസിക്കുന്നത്. ഇതിനു മുന്നില്‍ നിന്നാമ് ശിവകുമാറിനെയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറയെയും ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത്.
സുരക്ഷാ ഭീഷണിയുണ്ടെന്ന് വിമത എംഎല്‍എമാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഹോട്ടലിനു മുന്നില്‍ പോലീസ് സംരക്ഷണമേര്‍പ്പെടുത്തുകയും ശിവകുമാറിനെ തടയുകയും ചെയ്തത്. ശിവകുമാര്‍ എത്തിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് പുറത്ത് മുദ്രാവാക്യം വിളികളുമായെത്തിയത് നേരിയ സംഘര്‍ഷമുണ്ടാക്കി. ഹോട്ടലില്‍ താന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും ഉള്ളിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ സമയത്തിനു ശേഷം സാങ്കേതിക കാരണങ്ങളാല്‍ ബുക്കിംഗ് റദ്ദാക്കിയതായി ഹോട്ടല്‍ അറിയിച്ചിരുന്നു.