ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു; നമോ ടിവി കാണാനില്ല

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമോ ടിവി അപ്രത്യക്ഷമായി.
 | 
ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു; നമോ ടിവി കാണാനില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമോ ടിവി അപ്രത്യക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധകര്‍ വിളിക്കുന്ന നമോ എന്ന പേരുമായി പ്രത്യക്ഷപ്പെട്ട ചാനല്‍ ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളായിരുന്നു ഉയര്‍ത്തിപ്പിടിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിച്ചതോടെ ഈ ചാനലും അപ്രത്യക്ഷമായിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 30നാണ് നമോ ടിവി ഡിടിഎച്ച് സര്‍വീസുകളില്‍ പ്രത്യക്ഷപ്പെട്ടത്. കുറച്ചു സമയത്തേക്ക് കണ്ടന്റ് ടിവി എന്ന പേരിലായിരുന്നു വിവാദങ്ങള്‍ക്കിടയാക്കിയ ചാനലിന്റെ സേവനം. ആദ്യം ഈ ചാനലിന്റെ ഉടമസ്ഥത ആര്‍ക്കാണെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. പിന്നീട് ബിജെപി ഐടി സെല്ലിന്റെ ഭാഗമായ നമോ ആപ്പിന്റെ അനുബന്ധമായാണ് നമോ ടിവി ആരംഭിച്ചതെന്ന് ബിജെപി അറിയിച്ചു.

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും മറ്റു പ്രതിപക്ഷ കക്ഷികളും നമോ ടിവിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം നിലവില്‍ വന്ന ചാനലിന് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് എങ്ങനെ അനുമതി ലഭിച്ചുവെന്നായിരുന്നു പരാതികളില്‍ ഉന്നയിച്ച ചോദ്യം. ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുടെ പ്ലാറ്റ്‌ഫോം സര്‍വീസ് ആയതിനാല്‍ അപ് ലിങ്കിംഗ്, ഡൗണ്‍ലിങ്കിംഗ് അനുമതി ആവശ്യമില്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ മറുപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ചാനല്‍ ആരംഭിച്ചതെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും പേരു വെളിപ്പെടുത്താത്ത ഒരു ബിജെപി നേതാവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.