നിര്‍മലാ സീതാരാമനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍; രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്മലാ സീതാരാമനെക്കുറിച്ചുള്ള പരാമര്ശങ്ങളില് രാഹുല് ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. രാഹുല് നടത്തിയ പ്രസ്താവന രാജ്യത്തെ സ്ത്രീകള്ക്കെതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുമായി വനിതാ കമ്മീഷന് രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള് പ്രതിരോധിക്കാന് ഒരു സ്ത്രീയെ ഏല്പ്പിച്ച് പ്രധാനമന്ത്രി ഓടിപ്പോയിരിക്കുകയാണെന്നായിരുന്നു രാഹുല് ഗാന്ധി പറഞ്ഞത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്നം കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അസാന്‍മാര്‍ഗ്ഗികവും കുറ്റകരവുമാണ്. സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന പ്രസ്താവനയാണ് ഇത്. പ്രധാന സ്ഥാനങ്ങളിലുള്ളവര്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ വനിതാ കമ്മീഷന്‍ അപലപിക്കുന്നതായും നോട്ടീസില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായ പ്രകടനങ്ങള്‍. റാഫേല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളിലായിരുന്നു പരാമര്‍ശം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് 56 ഇഞ്ച് നെഞ്ചുള്ള കാവല്‍ക്കാരന്‍ ഓടിപ്പോയെന്ന് രാഹുല്‍ പരിഹസിച്ചു. സീതാരാമന്‍ജി, പ്രതിരോധിക്കൂ. എനിക്ക് സ്വയം ഇത് പ്രതിരോധിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് പ്രധാനമന്ത്രി പോയി.എന്നാല്‍ രണ്ടര മണിക്കൂറെടുത്തിട്ടും ആ സ്ത്രീക്ക് അതിനു സാധിച്ചില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.