ഷാരൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്ന് എന്‍സിബി; പോയത് 'പേപ്പര്‍ വര്‍ക്കിന്'
ഷാരൂഖ് ഖാന്റെ വീടായ മന്നത്തില്‍ പോയത് റെയ്ഡിന് അല്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. പോയത് പേപ്പര്‍ വര്‍ക്കിനാണെന്ന് എന്‍സിബി ഓഫീസര്‍ സമീര്‍ വാങ്കഡേ പ്രസ്താവനയില്‍ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചില പേപ്പര്‍ വര്‍ക്കുകള്‍ക്കായാണ് ഉദ്യോഗസ്ഥര്‍ മന്നത്തില്‍ എത്തിയത്. ഷാരൂഖിനെ അറിയിച്ചതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയതെന്നു വാങ്കഡേ പറഞ്ഞു.
ആര്‍തര്‍ റോഡ് ജയിലില്‍ ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് പോയി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ മന്നത്തില്‍ എത്തിയത്. നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ ഇതേ സമയത്ത് എന്‍സിബി പരിശോധന നടത്തുന്നുണ്ടായിരുന്നു. ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റുകളില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് അനന്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍സിബി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീട്ടില്‍ റെയ്ഡ് നടന്നത്.
14 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാനെ ഇന്ന് രാവിലെയാണ് ഷാരൂഖ് ഖാന്‍ സന്ദര്‍ശിച്ചത്. ജയിലില്‍ 20 മിനിറ്റോളം താരം ചെലവഴിച്ചു. സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷാരൂഖ് മടങ്ങുകയായിരുന്നു.