കേരളത്തിന് പുതിയ ഗവര്‍ണര്‍; അഞ്ച് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്ണര്മാര്ക്ക് മാറ്റം.
 | 
കേരളത്തിന് പുതിയ ഗവര്‍ണര്‍; അഞ്ച് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ ഗവര്‍ണറാകും. മുന്‍ കേന്ദ്രമന്ത്രിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. പി.സദാശിവത്തിന് പകരമാണ് നിയമനം. ഷാബാനു കേസ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ രാജീവ് ഗാന്ധിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. 2007ല്‍ ബിജെപിയില്‍ നിന്ന് പുറത്തു പോയ ഖാനെ ബിജെപി രാജ്യസഭാംഗമാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ രാജസ്ഥാനിലെ ഗവര്‍ണറായി നിയമിച്ചു. ഹിമാചലില്‍ ബന്ദാരു ദത്താത്രേയ ഗവര്‍ണറാകും. മഹാരാഷ്ട്രയില്‍ ഭഗത് സിങ് കോസിയാരി ആയിരിക്കും പുതിയ ഗവര്‍ണര്‍. ബിജെപി 75 വയസ് പ്രായപരിധി നിര്‍ബന്ധമാക്കിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നവരാണ് കല്‍രാജ് മിശ്രയും ഭഗത് സിങ് കോശിയാറിയും.

കല്‍രാജ് മിശ്രയും ബന്ദാരു ദത്താത്രേയയും ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. കോശിയാറി ഉത്തരാഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിയും നൈനിറ്റാളില്‍ നിന്നുള്ള എംപിയുമാണ്. തെലങ്കാനയില്‍ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിളിസൈ സൗന്ദരരാജനായിരിക്കും ഗവര്‍ണറാകുക.