അധിക്ഷേപ പരാമര്‍ശം; റിപ്പബ്ലിക് ടി.വിയും അര്ണബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് എന്‍.ബി.എസ്.എ ഉത്തരവ്
ന്യൂഡല്‍ഹി: ചാനല്‍ ചര്ച്ചക്കിടെ അധിക്ഷേപകരമായി പരാമര്ശം നടത്തിയ റിപ്പബ്ലിക്കന് ടി.വിയും അര്ണബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് സ്റ്റാന്ഡേട്സ് അതോറിറ്റി ഉത്തരവ്. പ്രതീക്ഷതാ സിംഗ് എന്.ബി.എസ്.എക്കെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്. ചാനലിലെ ഒമ്പത് മണി വാര്ത്തയ്ക്ക് മുന്പ് ഫുള് സ്ക്രീനില് മാപ്പ് എഴുതി കാണിക്കണമെന്ന് ഉത്തരവില് പറയുന്നു.
ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ നടത്തിയ റാലി പരാജയപ്പെട്ടുവെന്നായിരുന്നു റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കിടെ ചിലരെ സ്‌ക്രീനില്‍ വട്ടമിട്ട കാണിച്ചുകൊണ്ട് ഗോസ്വാമി അധിക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ഇവര്‍ ദേശദ്രോഹികളും ഗുണ്ടകളും വഷളന്മാരുമാണെന്ന് അര്‍ണാബ് ആക്ഷേപിച്ചു.
ജിഗ്‌നേഷ് മേവാനിയുടെ റാലി ‘ഫ്ളോപ്പ് ഷോ’എന്നാണ് റാലിയെ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ട് ചെയ്തത്. ചില നേതാക്കളെ ചൂണ്ടി കാണിച്ച് ഗോസ്വാമി നടത്തിയ പരാമര്‍ശങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. പരാമര്‍ശങ്ങള്‍ സംപ്രേഷണ നിബന്ധനകളുടെ ലംഘനമാണ്. സെപ്റ്റംബര്‍ ഏഴാം തീയതി 9 മണി വാര്‍ത്തയ്ക്ക് മുന്നോടിയായി ക്ഷമാപണം എഴുതി കാണിക്കണമെന്നും എന്‍.ബി.എസ്.എ ഉത്തരവില്‍ പറയുന്നു.