സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള് കണ്ടുകെട്ടാന്‍ കോടതി അനുമതി
മുംബൈ: ഇസ്ലാം മത പ്രഭാഷകനായ സാക്കിര് നായിക്കിന്റെ സ്വത്തുക്കള് കണ്ടുകെട്ടാന് ദേശീയ അന്വേഷണ ഏജന്സിക്ക് (എന്ഐഎ) കോടതിയുടെ അനുമതി. ഇന്ത്യയിലെ സ്വത്തുക്കള് വിറ്റ് വിദേശ പൗരത്വം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സാക്കിര് നായിക്കെന്നും ഇത് തടയുന്നതിനായി മുംബൈയിലെ മൂന്നു ഫ്ലാറ്റുകളും ഓഫിസും കണ്ടുകെട്ടാന് അനുമതി നല്കണമെന്നുള്ള എന്ഐഎ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദക്ഷിണ മുംബൈയിലെ മസ്ഗാവിലുള്ള കെട്ടിടങ്ങള് വന് തുക വിലമതിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 15ന് സാക്കിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ കണ്ടെത്താനുള്ള നീക്കം ഇന്ത്യ സജീവമാക്കിയെങ്കിലും ഫലം കണ്ടില്ല. സലഫി പണ്ഡിതരുടെ കൂട്ടത്തില്‍ വളരെ പ്രമുഖനായ വ്യക്തിയാണ് സാക്കിര്‍ നായിക്. സാക്കിര്‍ നായിക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് 2016ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് നായിക്കിനെതിരെ എന്‍ഐഎ കേസെടുക്കാന്‍ തീരുമാനിക്കുന്നത്.
യു.കെ, കാനഡ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് നായിക്കിന് വിലക്ക് നിലനില്‍ക്കുന്നുണ്ട്. സൗദി അറേബ്യയാണ് അദ്ദേഹത്തിന് അഭയം നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2017ല്‍ സൗദിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഒരു അഭിമുഖത്തില്‍ നായിക് പങ്കെടുത്തിരുന്നു. ലോകത്തെമ്പാടും മൂന്നൂറിലധികം വേദികളില്‍ മതപ്രഭാഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.