നിപയും കോവിഡും; കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം

കോവിഡിനിടെ നിപയും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം. നിപ മരണത്തെക്കുറിച്ച് ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ ലിങ്കുകളിലാണ് കേരളത്തിന് എതിരായി പ്രചാരണം നടക്കുന്നത്. കേരളം രാജ്യത്തിന് നാണക്കേടാണെന്നും ഇന്ത്യയിലേക്ക് കോവിഡ് കൊണ്ടുവന്ന കേരളം ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിനായി തയ്യാറെടുക്കുകയാണെന്നുമൊക്കെയാണ് കമന്റുകള്‍. ചൈനയില്‍ നിന്ന് കേരളം വൈറസിനെ ഇറക്കുമതി ചെയ്യുകയാണെന്ന കണ്ടെത്തലും ചിലര്‍ നടത്തിയിട്ടുണ്ട്.
വൈറസിന്റെ കാര്യത്തില്‍ ചൈനയെപ്പോലെ ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് രാജ്യമാണ് കേരളമെന്ന് എഎന്‍ഐയുടെ വാര്‍ത്താ ലിങ്കിന് കീഴില്‍ ഒരാള്‍ കുറിച്ചു. ഇതിനിടെ കേരളം തീവ്രവാദ കേന്ദ്രമാണെന്ന് പോലും ചിലര്‍ എഴുതിയിട്ടുണ്ട്. കേരള മോഡല്‍ എവിടെയെന്നാണ് ചിലരുടെ ചോദ്യം. അതേസമയം ഇത്തരം ചോദ്യങ്ങളെ വസ്തുതകള്‍ നിരത്തി ചിലര്‍ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഒരു നിപ കേസ് വന്നപ്പോള്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരള മോഡല്‍ നിലവിലുള്ളതു കൊണ്ടാണെന്നാണ് മറുപടി. യുപിയില്‍ 30ലേറെ കുട്ടികള്‍ അജ്ഞാത രോഗം മൂലം മരിച്ച സംഭവവും ഇവര്‍ എടുത്തു കാണിക്കുന്നു. കേവിഡ് രണ്ടാം തരംഗത്തില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി നടന്ന സംഭവത്തെ ആചാരമെന്ന് പറഞ്ഞ് ന്യായീകരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
സംഘപരിവാര്‍ ചായ്‌വുള്ള ഉത്തരേന്ത്യന്‍ പ്രൊഫൈലുകളാണ് കേരളത്തിനെതിരായ ഇത്തരം സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മിഡില്‍ ഈസ്റ്റ് രോഗങ്ങളാണ് കേരളത്തില്‍ എത്തുന്നതെന്ന വ്യാജ പ്രചാരണവും ഇവര്‍ അഴിച്ചു വിടുന്നു. കേരളം പരാജയമാണെന്നും എല്ലാ ദുരന്തങ്ങളും സാക്ഷര കേരളത്തില്‍ നിന്നാണെന്നുമൊക്കെയാണ് കമന്റുകള്‍.