നീരവ് മോദിക്ക് നാലാം തവണയും ജാമ്യം നിഷേധിച്ച് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: പഞ്ചാബ് നാഷണല് ബാങ്കിനെ കബളിപ്പിച്ച് നാടുവിട്ട ശേഷം യുകെയില് അഭയം പ്രാപിച്ച വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത് നാലാം തവണയാണ് ബ്രിട്ടീഷ് കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിക്കുന്നത്. നീരവ് മോദി പണം തിരിച്ചടക്കാന്‍ സാധ്യതയില്ലെന്ന് കോടതി വിലയിരുത്തി. തെളിവു നശിപ്പിക്കാന്‍ മോദി ശ്രമിച്ചെന്നും കോടതി പറഞ്ഞു.
മാര്‍ച്ച് 20ന് യുകെയില്‍ അറസ്റ്റിലായ നീരവ് മോദി വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. വെസ്റ്റേണ്‍ യൂറോപ്പിലെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ് ഇത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നി്ന്ന് 12,000 കോടി രൂപയാണ് നീരവ് മോദി കബളിപ്പിച്ചത്. ഈ കേസില്‍ മോദിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ വിട്ടു നല്‍കിയാല്‍ ഏതു ജയിലിലായിരിക്കും തടവിലിടുക എന്നതു സംബന്ധിച്ച വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോള്‍ ബ്രിട്ടീഷ് കോടതി ആവശ്യപ്പെട്ടിരുന്നു.
സാക്ഷിമൊഴികളില്‍ ഇടപെടാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ടെന്നാണ് ഹൈക്കോടതി പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. ജാമ്യത്തില്‍ പുറത്തു വിട്ടാല്‍ പിന്നീട് കീഴടങ്ങാന്‍ പ്രതി തയ്യാറാകാനുള്ള സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ ജാമ്യം തള്ളിയ കോടതികളും ഇതേ നിരീക്ഷണം നടത്തിയിരുന്നു.