നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി; പുനഃപരിശോധനാ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില് പ്രതികള് നല്കിയ പുനഃപരിശോധനാ ഹര്ജി സുപ്രീം കോടതി തള്ളി. പ്രതികളുടെ വധസിക്ഷ കോടതി ശരിവെച്ചു. പ്രതികളായ മുകേഷ്, പവന്, വിനയ് ശര്മ എന്നിവര് നല്കിയ ഹര്ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്. ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.
നാലു പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിങ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല. വിധിപ്രസ്താവിക്കുന്ന സമയത്ത് നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയിലുണ്ടായിരുന്നു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി കഴിഞ്ഞ വര്‍ഷം മെയില്‍ സുപ്രീം കോടതി ശരിവെച്ചിരുന്നു.
2012 ഡിസംബര്‍ 12നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. പിന്നീട് സിംഗപ്പൂരില്‍ വിദഗ്ദ്ധ ചികിത്സക്കിടെ പെണ്‍കുട്ടി മരിച്ചു. ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കിടെ ജയിലില്‍ ആത്മഹത്യ ചെയ്തു. വിചാരണ സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതി ശിക്ഷിച്ച ഒരു പ്രതി മൂന്ന് വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയിരുന്നു.