ഗര്‍ഭിണിയായ അയല്‍ക്കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
നോയിഡ: അയല്‍ക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില് ഒളിപ്പിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തില് ദമ്പതികള് പിടിയില്. സൗരഭ് ദിവാകര്, ഭാര്യ റിതു എന്നിവരാണ് പിടിയിലായത്. നോയിഡയിലാണ് സംഭവമുണ്ടായത്. ഇവരുടെ അയല്ക്കാരിയായിരുന്ന മാല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര് ഗര്‍ഭിണിയായിരുന്നു.
മാല വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച ബന്ധുക്കള്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു മാലയുടെ വിവാഹം. ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ബന്ധുക്കളെ കാണിച്ചു. റിതു ഇത് കാണുകയും ഭര്‍ത്താവായ സൗരഭിനോട് ഇക്കാര്യം പറയുകയുമായിരുന്നു.
അടുത്ത ദിവസം രാത്രി ഒമ്പതു മണിയോടെ മാലയെ ദമ്പതികള്‍ വീട്ടിലേക്ക് ക്ഷണിച്ചു. മാലയുടെ ഭര്‍ത്താവ് ശിവം ഈ സമയത്ത് ജോലിസ്ഥലത്തായിരുന്നു. വീട്ടില്‍ വെച്ച് മാലയെ കൊലപ്പെടുത്തിയ ദമ്പതികള്‍ ആഭരണങ്ങളും വസ്ത്രങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്യൂട്ട് കേസില്‍ തന്നെ മൃതദേഹം ഒളിപ്പിച്ചു.
പിന്നീട് ഗാസിയാബാദിലേക്കു പോയ ദമ്പതികള്‍ വഴിയില്‍ സ്യൂട്ട് കേസ് ഉപേക്ഷിച്ചു. മാലയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഗാസിയാബാദില്‍ നിന്ന് മൃതദേഹം ലഭിച്ചത്. എന്നാല്‍ ഭര്‍ത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരില്‍ മാലയെ കൊലപ്പെടുത്തിയതാണെന്ന് അവരുടെ മാതാപിതാക്കള്‍ ആരോപിച്ചതോടെ ശിവത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടക്കുന്ന സമയത്ത് ശിവം ജോലിസ്ഥലത്തായിരുന്നുവെന്ന് തെളിഞ്ഞതിനാല്‍ ഇയാളെ പിന്നീട് വിട്ടയച്ചു. അതിനിടെയാണ് അയല്‍വാസികളായ ദമ്പതികളെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. പിന്നീട് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നതെന്ന് പോലീസ് അറിയിച്ചു.