പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്ജി മത്സരിച്ചാല് പിന്തുണയ്ക്കുമെന്ന് ദേവഗൗഡ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്ജി മത്സരിച്ചാല് പിന്തുണയ്ക്കുമെന്ന് ജെഡിഎസ് നേതാവും മുന് പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്ക്കും പ്രധാനമന്ത്രിയായി മത്സരിക്കാമെന്ന് ദേവഗൗഡ പറഞ്ഞു. 7 വര്ഷം ഇന്ത്യ ഭരിച്ച നേതാവാണ് ഇന്ദിരാഗാന്ധി. പിന്നെ എന്തുകൊണ്ട് മമതയ്ക്കും മായാവതിക്കും പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയായി മത്സരിച്ചുക്കൂടായെന്നും ദേവഗൗഡ ചോദിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ച് ബിജെപിയ്ക്ക് എതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസംതൃപ്തരാണെന്നും മൂന്നാം മുന്നണിയെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും ഗൗഡ വ്യക്തമാക്കി.
കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ശക്തമായ പ്രതിപക്ഷ നിര രൂപീകരിക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടതെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു. മറ്റു പാര്‍ട്ടികളില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നു.