ജെഎന്‍യു അധികൃതര്‍ക്ക് സിവി സമര്‍പ്പിക്കാന്‍ തയ്യാറല്ലെന്ന് റൊമീള ഥാപ്പര്‍

പ്രൊഫസര് എമരിറ്റസ് ആയി തുടരുന്നതിന് സിവി നല്കണമെന്ന ജെഎന്യു അധികൃതരുടെ ആവശ്യം അംഗീകരിക്കാന് കഴിയില്ലെന്ന് റൊമീള ഥാപ്പര്.
 | 
ജെഎന്‍യു അധികൃതര്‍ക്ക് സിവി സമര്‍പ്പിക്കാന്‍ തയ്യാറല്ലെന്ന് റൊമീള ഥാപ്പര്‍

ന്യൂഡല്‍ഹി: പ്രൊഫസര്‍ എമരിറ്റസ് ആയി തുടരുന്നതിന് സിവി നല്‍കണമെന്ന ജെഎന്‍യു അധികൃതരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് റൊമീള ഥാപ്പര്‍. ചരിത്രകാരിയും ജെഎന്‍യുവില്‍ അധ്യാപികയുമായിരുന്ന ഥാപ്പര്‍ വിരമിച്ച ശേഷവും യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ എമരിറ്റസ് ആയി തുടരുകയാണ്. ഇനി തുടരാനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഥാപ്പര്‍ സിവി സമര്‍പ്പിക്കണമെന്നാണ് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ ആവശ്യപ്പെട്ടത്.

ആജീവനാന്ത പദവിയാണ് തനിക്ക് നല്‍കിയിരിക്കുന്നതെന്ന് റൊമീള ഥാപ്പര്‍ പ്രതികരിച്ചു. അടിസ്ഥാന നിയമങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് ജെഎന്‍യു രജിസ്ട്രാറുടെ നടപടിയെന്നും അവര്‍ പറഞ്ഞു. 75 വയസിന് മേല്‍ പ്രായമുള്ള എല്ലാ പ്രൊഫസര്‍മാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്.

ഇന്ത്യയിലെ ചരിത്ര പണ്ഡിതരില്‍ പ്രമുഖയായ റൊമീള ഥാപ്പറിന് ഇപ്പോള്‍ 87 വയസുണ്ട്. ഇവര്‍ തുടരണോ എന്ന് തീരുമാനിക്കാന്‍ യൂണിവേഴ്‌സിറ്റി നിയോഗിക്കുന്ന സമിതി അവലോകനം നടത്തുമെന്നാണ് സര്‍വകലാശാലയുടെ നിലപാട്. സംഭവത്തില്‍ എന്‍എസ്‌യു പ്രതിഷേധം അറിയിച്ചു. എബിവിപി നിലപാട് അറിയിച്ചിട്ടില്ല.

അന്താരാഷ്ട്ര പ്രശസ്തരായ ചുരുക്കം ആളുകള്‍ക്ക് മാത്രം നല്‍കുന്ന പ്രൊഫസര്‍ എമരിറ്റസ് പദവി 1993ലാണ് ഥാപ്പര്‍ക്ക് ലഭിച്ചത്. ഈ പദവിക്ക് സര്‍വകലാശാല ശമ്പളം നല്‍കുന്നില്ല.