അത് യതിയല്ല, കരടി! ഇന്ത്യന്‍ സൈന്യത്തിന്റ അവകാശവാദം തള്ളി നേപ്പാള്‍

ഭീമാകാരനായ മഞ്ഞുമനുഷ്യന് യതിയുടെ കാല്പാടുകള് കണ്ടെന്ന ഇന്ത്യന് സൈന്യത്തിന്റെ അവകാശവാദം തള്ളി നേപ്പാള് സൈന്യം.
 | 
അത് യതിയല്ല, കരടി! ഇന്ത്യന്‍ സൈന്യത്തിന്റ അവകാശവാദം തള്ളി നേപ്പാള്‍

ന്യൂഡല്‍ഹി: ഭീമാകാരനായ മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പാടുകള്‍ കണ്ടെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദം തള്ളി നേപ്പാള്‍ സൈന്യം. കരടിയുടെ കാല്‍പാടുകളാണ് യതിയുടേതെന്ന പേരില്‍ ഇന്ത്യന്‍ സൈന്യം പ്രചരിപ്പിച്ചതെന്നും നേപ്പാള്‍ സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡേ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിലെ പര്‍വകാരോഹകരുടെ സംഘമാണ് മഞ്ഞില്‍ കണ്ടെത്തിയ വലിയ പാടുകള്‍ യതിയുടേതാണെന്ന് ട്വീറ്റ് ചെയ്തത്. സംഘത്തിനൊപ്പമുണ്ടായിരുന്ന പ്രദേശവാസികളായ ചുമട്ടുകാരും നേപ്പാള്‍ സൈന്യത്തിന്റെ ലെയ്‌സണ്‍ ഓഫീസറും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രചാരണത്തെ തള്ളിയിരുന്നു. അത്തരം പാടുകള്‍ മഞ്ഞില്‍ സാധാരണ കാണാറുള്ളതാണെന്നും അത് കരടിയുടേതാണെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിനൊപ്പമുണ്ടായിരുന്ന തങ്ങളുടെ പ്രതിനിധികള്‍ അവ കരടിയുടെ കാല്‍പാടുകളാണെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് നേപ്പാള്‍ സൈന്യം അറിയിച്ചു. പ്രദേശത്ത് അവ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ളതാണെന്നും വക്താവ് വ്യക്തമാക്കി.

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ മകാലു-ബാരുണ്‍ കണ്‍സര്‍വേഷന്‍ മേഖലയിലാണ് പര്‍വതാരോഹക സംഘം വിചിത്രമായ പാടുകള്‍ കണ്ടെത്തിയത്. 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള ഇവ യതിയുടെ കാല്‍പാടുകളാണെന്ന് ഇന്ത്യന്‍ സൈന്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. മകാലു-ബാരുണ്‍ നാഷണല്‍ പാര്‍ക്കില്‍ ഒരിക്കല്‍ യതിയെ കണ്ടിട്ടുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.