ആശുപത്രിയിലെ ടിക് ടോക്; നഴ്‌സുമാര്‍ക്ക് നിര്‍ബന്ധിത അവധി; നടപടിയുണ്ടാകുമെന്ന് സൂചന

മാല്‍കാന്‍ഗിരി: ആശുപത്രിയിലെ സ്പെഷ്യല് നിയോനേറ്റല് കെയര് യൂണിറ്റില് ടിക് ടോക് ഷൂട്ട് ചെയ്ത നഴ്സുമാര്ക്കെതിരെ നടപടി. നാലു നഴ്‌സുമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി. ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാല്‍കാന്‍ഗിരി ജില്ലാ കളക്ടറാണ് ഇവരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായ നവജാത ശിശുക്കളെ പരിചരിക്കുന്ന എസ്എന്‍സിയുവില്‍ നഴ്‌സുമാര്‍ ചിത്രീകരിച്ച ടിക് ടോക് വീഡിയോ വൈറലായതോടെ ഇവര്‍ക്ക് ഡിഎംഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഒഡിഷയിലെ മാല്‍കാന്‍ഗിരി ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഗാനങ്ങള്‍ക്കൊപ്പം ചുണ്ട് ചലിപ്പിച്ചും നൃത്തം ചെയ്തും ഷൂട്ട് ചെയ്ത വീഡിയോകള്‍ക്കു പുറമേ ചികിത്സയിലുണ്ടായിരുന്ന ഒരു കുഞ്ഞിനെ എടുത്തുകൊണ്ടും ഒരു നഴ്‌സ് വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ജ്യോതി റേ എന്ന ടിക് ടോക് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ നഴ്‌സുമാരായ ജ്യോതി റേ, നന്ദിനി റേ, താപസി ബിസ്വാസ്, സ്വപ്‌ന ബാല എന്നിവരോടാണ് ഇപ്പോള്‍ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. തങ്ങളുടെ ഡ്യൂട്ടി സമയത്തിനു ശേഷമാണ് ടിക് ടോക് വീഡിയോ ചെയ്തതെന്നാണ് നഴ്‌സുമാര്‍ വിശദീകരണം നല്‍കിയത്. യൂണിഫോമില്‍ വീഡിയോ ഷൂട്ട് ചെയ്തത് തെറ്റാണെന്ന് ഇവര്‍ സമ്മതിച്ചു.