ഓഖി ദുരന്ത ബാധിതര്‍ക്കും തുച്ഛമായ കേന്ദ്ര സഹായം മാത്രം; പ്രതിഷേധവുമായി സോഷ്യല് മീഡിയ
തിരുവനന്തപുരം: ഒന്‍പതുമാസം മുന്പു നടന്ന ഓഖി ദുരന്തത്തില്പെട്ടവരുടെ പുനരധിവാസ പദ്ധതിക്കു നേരെ മുഖം തിരിച്ചു കേന്ദ്രസര്ക്കാര്. 7340 കോടി രൂപയുടെ പുനരധിവാസ പദ്ധതി തള്ളിയ മോഡി സര്ക്കാര് വെറും 169 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി തുച്ഛമായ തുക നല്കിയെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഓഖി ദുരന്ത ബാധിതര്ക്ക് നല്കുന്ന സഹായത്തിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സംഭവത്തില് പ്രതിഷേധവുമായി സോഷ്യല് മീഡിയ രംഗത്ത് വന്നിട്ടുണ്ട്.
ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിനുശേഷം ആവശ്യമായ സഹായം അനുവദിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എല്ലാം നഷ്ട്ടപ്പെട്ട തീരദേശ വാസികളെ പൂര്‍ണമായും പുനരധിവസിപ്പിക്കാനുള്ള സമ്പൂര്‍ണ പാക്കേജായിരുന്നു കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ വീട് നിര്‍മ്മാണവും കാണാതായവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാര തുക വരെ ഉള്‍പ്പെടും. എന്നാല്‍ പാക്കേജിനോട് യാതൊരു അനുകൂല പ്രതികരണവും നടത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കമുണ്ടായ ബിഹാറിലെ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചിരുന്നു.
പ്രാഥമിക കണക്കുകള്‍ അനുസരിച്ച് പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 20000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ അടിയന്തരമായ 2000 കോടി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചിരുന്നു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രം മറുപടി നല്‍കുകയായിരുന്നു. യി.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായവും കേന്ദ്രം തടയാനാണ് സാധ്യത.