ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാജ്യംവിട്ടു; 'കാണാതായ' 10 പേര്‍ക്കു വേണ്ടി തെരച്ചില്‍

 | 
Omicron

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി സ്വകാര്യ ലാബില്‍ നിന്ന് സംഘടിപ്പിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാജ്യം വിട്ടു. കര്‍ണാടക റവന്യൂ മന്ത്രി ആര്‍.അശോക് ആണ് ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. സൗത്ത് ആഫ്രിക്കന്‍ പൗരനായ 66 കാരനാണ് കടന്നുകളഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. നവംബര്‍ 20ന് കര്‍ണാടകയില്‍ എത്തിയ ഇയാള്‍ 7 ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു.

പൂര്‍ണ്ണമായു വാക്‌സിനേറ്റ് ചെയ്യപ്പെട്ടിരുന്ന ഇയാള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഷാന്‍ഗ്രീ-ലാ ഹോട്ടലില്‍ താമസിക്കാനെത്തിയത്. പിന്നീടാണ് ഇയാള്‍ രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലാതിരുന്ന ഇയാളോട് സ്വയം ഐസോലേറ്റ് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. റിസ്‌ക് രാജ്യമായ സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയതിനാല്‍ നവംബര്‍ 22ന് ഇയാളുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിന് അയച്ചിരുന്നു.

ഇയാളുമായി സമ്പര്‍ക്കത്തിലുള്ള 24 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാവരും നെഗറ്റീവ് ആയിരുന്നു. സെക്കന്‍ഡറി കോണ്‍ടാക്ടിലുള്ള 240 പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 23-ാം തിയതിയാണ് ഇയാള്‍ സ്വകാര്യ ലാബില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയത്. 27ന് അര്‍ദ്ധരാത്രി ഇതുപയോഗിച്ച് ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്യുകയും ദുബായിലേക്ക് പോകുകയുമായിരുന്നു. ഇയാള്‍ പോയതിന് ശേഷമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

വിമാനത്താവളത്തില്‍ എത്തിയ ശേഷം 'കാണാതായ' 10 പേര്‍ക്കു വേണ്ടിയും തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇവരെ ഇന്ന് രാത്രിയോടെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.