കോര്‍പറേഷന്‍ ജീവനക്കാരെ ക്രിക്കറ്റ് ബാറ്റിന് മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ; വീഡിയോ

മുനിസിപ്പല് കോര്പറേഷന് ജീവനക്കാരെ ക്രിക്കറ്റ് ബാറ്റിന് മര്ദ്ദിച്ച് ബിജെപി എംഎല്എയും മുതിര്ന്ന ബിജെപി നേതാവ് കൈലാഷ് വിജയ്വര്ഗിയയുടെ മകനുമായ ആകാശ് വിജയ്വര്ഗിയ.
 | 
കോര്‍പറേഷന്‍ ജീവനക്കാരെ ക്രിക്കറ്റ് ബാറ്റിന് മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ; വീഡിയോ

ഇന്‍ഡോര്‍: മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരെ ക്രിക്കറ്റ് ബാറ്റിന് മര്‍ദ്ദിച്ച് ബിജെപി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ മകനുമായ ആകാശ് വിജയ്‌വര്‍ഗിയ. പോലീസുകാരുടെയും ചാനല്‍ ക്യാമറകളുടെയും മുന്നിലായിരുന്നു ഇയാളുടെ പ്രകടനം. ഗാഞ്ചി കോമ്പൗണ്ട് മേഖലയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു കൊണ്ടിരുന്ന ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആദ്യമായി എംഎല്‍എ സ്ഥാനത്തെത്തിയ ആകാശ് ആക്രമണം അഴിച്ചുവിട്ടത്.

സ്ഥലത്തെത്തിയ ആകാശും സംഘവും ഉദ്യോഗസ്ഥരോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടു. അഞ്ചു മിനിറ്റിനുള്ളില്‍ സ്ഥലംവിട്ടില്ലെങ്കില്‍ പിന്നെ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് നിങ്ങളായിരിക്കും ഉത്തരവാദികള്‍ എന്നായിരുന്നു മുന്നറിയിപ്പ്. പിന്നാലെ വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയും എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു.

ആദ്യം അപേക്ഷ, പിന്നെ പരാതി, അതു കഴിഞ്ഞാല്‍ ആക്രമണം എന്നാണ് ബിജെപിയില്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നായിരുന്നു ഇതേക്കുറിച്ച് ആകാശ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ദേഷ്യത്തിലായിരുന്നുവെന്നും എന്താണ് ചെയ്തതെന്ന് ഓര്‍മയില്ലെന്നും ആകാശ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വീഡിയോ കാണാം