പ്രഗ്യാ സിങ്ങിന്റെ സ്തനാര്‍ബുദം ഭേദപ്പെട്ടത് ശസ്ത്രക്രിയ മൂലം; ഗോ മൂത്ര ചികിത്സാ വാദം തള്ളി ഡോക്ടര്‍

ലഖ്‌നൗ: ഗോ മൂത്ര ചികിത്സ നടത്തി സ്തനാര്ബുദം ഭേദമായെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ വാദം തള്ളി ഡോക്ടര്‍മാര്‍. ക്യാന്‍സര്‍ വിദഗ്ദ്ധരാണ് പ്രഗ്യാ സിങ്ങിന്റെ വാദം തള്ളി രംഗത്തെത്തിയത്. പ്രഗ്യാ സിങ് ക്യാന്‍സറിന് ചികിത്സയിലായിരുന്നുവെന്നും അവരുടെ രണ്ടു സ്തനങ്ങളും നീക്കം ചെയ്തതായും ലഖ്‌നൗ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ കാര്‍ഡിയോ തോറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജന്‍ ഡോ.എസ്.എസ് രാജ്പുത് പറഞ്ഞു.
ഇവരെ മൂന്നു തവണ ശസ്ത്രക്രിയക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗം വളരെ സങ്കീര്‍ണ്ണമായതിനാല്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം ക്യാന്‍സറിനെ ഇല്ലാതാക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെന്ന് ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ.വികാസ് ഗോസ്വാമിയും വ്യക്തമാക്കി.
മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ സിങ് കഴിഞ്ഞ ദിവസമാണ് ഗോമൂത്രം ഉപയോഗിച്ച് ചികിത്സിച്ച് തന്റെ സ്തനാര്‍ബുദം ഭേദമായെന്ന് അവകാശപ്പെട്ടത്. പഞ്ചഗവ്യവും ആയുര്‍വേദ മരുന്നുകളും രോഗം ഭേദപ്പെടാന്‍ സഹായിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു.