”വീട്ടുകാര്യം നോക്കാനറിയാത്തവര്‍ രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യും?” വീണ്ടും ഒളിയമ്പുമായി ഗഡ്കരി

ബിജെപി നേതൃത്വത്തിനും മോഡിക്കുമെതിരെ വീണ്ടും ഒളിയമ്പുമായി കേന്ദ്രമന്ത്രിയും മുതിര്ന്ന ബിജെപി നേതാവുമായ നിതിന് ഗഡ്കരി. വീട്ടുകാര്യം നോക്കാന് അറിയാത്തവര് രാജ്യത്തിന്റെ കാര്യം എങ്ങനെ നോക്കുമെന്നാണ് ഗഡ്കരിയുടെ പുതിയ പരാമര്ശം. നാഗ്പൂരില് മുന് എബിവിപി പ്രവര്ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു.
 | 
”വീട്ടുകാര്യം നോക്കാനറിയാത്തവര്‍ രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യും?” വീണ്ടും ഒളിയമ്പുമായി ഗഡ്കരി

നാഗ്പൂര്‍: ബിജെപി നേതൃത്വത്തിനും മോഡിക്കുമെതിരെ വീണ്ടും ഒളിയമ്പുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. വീട്ടുകാര്യം നോക്കാന്‍ അറിയാത്തവര്‍ രാജ്യത്തിന്റെ കാര്യം എങ്ങനെ നോക്കുമെന്നാണ് ഗഡ്കരിയുടെ പുതിയ പരാമര്‍ശം. നാഗ്പൂരില്‍ മുന്‍ എബിവിപി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യ സേവനത്തിനായി ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ഒട്ടേറെയാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരോടൊക്കെ ഇപ്പോള്‍ എന്തു ചെയ്യുന്നുവെന്നും കുടുംബത്തില്‍ ആരൊക്കെയുണ്ടെന്നും തിരികെ ചോദിക്കും. ഒരിക്കല്‍ ഒരാളോട് ചോദിച്ചപ്പോള്‍ നഷ്ടത്തിലായതിനാല്‍ തന്റെ കട അടച്ചുപൂട്ടിയെന്നും വീട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ടെന്നും മറുപടി ലഭിച്ചു.

അയാളോട് ആദ്യം വീട് ശരിയായി നോക്കാനാണ് താന്‍ പറഞ്ഞത്. വീട്ടിലെ കാര്യങ്ങള്‍ ശരിയായി നോക്കാനറിയാത്തവര്‍ക്ക് രാജ്യകാര്യം നോക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്. ആദ്യം കുടുംബം ശരിയായി നോക്കുകയും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തുകയും വേണം. പിന്നീട് രാജ്യത്തിനു വേണ്ടിയും പാര്‍ട്ടിക്കു വേണ്ടിയും പ്രവര്‍ത്തിക്കൂ എന്ന് ഞാന്‍ ആവശ്യപ്പെട്ടുവെന്ന് ഗഡ്കരി പറഞ്ഞു.

അടുത്തിടെ മോഡിക്കും ബിജെപി നേതൃത്വത്തിനും എതിരെ ഗഡ്കരി നടത്തിയ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയായാണ് ഇത് കണക്കാക്കപ്പെട്ടത്. സ്വപ്‌നം വില്‍ക്കുന്ന നേതാക്കള്‍ അവ യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ ജനങ്ങളുടെ തല്ലുവാങ്ങുമെന്ന് ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. പരാജയങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഗഡ്കരി പറഞ്ഞതും വിവാദമായിരുന്നു.