ചിദംബരത്തിന് വിദേശത്ത് രഹസ്യ നിക്ഷേപമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; തെളിവുകള്‍ ഹാജരാക്കും

ന്യൂഡല്ഹി: ഐഎന്എക്സ് മീഡിയ അഴിമതിക്കേസില് അറസ്റ്റിലായ മുന്ധനമന്ത്രിയും കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവുമായി ചിദംബരത്തിന് കുരുക്കുകള് മുറുകുന്നു. ചിദംബരത്തിന് വിദേശ നിക്ഷേപമുള്ളതായി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക രഹസ്യാന്വേഷണ ഏജന്സിയാണ് ചിദംബരത്തിന്റെ വിദേശ ഇടപാടുകളും നിക്ഷേപവും സംബന്ധിച്ച വിവരങ്ങള് കൈമാറിയിരിക്കുന്നതെന്ന് എന്ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. ഇതോടെ സിബിഐ കസ്റ്റഡിയില് തുടരുന്ന ചിദംബരത്തിന് മേല് കൂടുതല് നിയമക്കുരുക്കുകള് വീഴും.
അര്ജന്റീന, ഓസ്ട്രിയ, ഫ്രാന്സ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈന്സ്, സിങ്കപ്പൂര്, സൗത്ത് ആഫ്രിക്ക സ്പെയിന് ശ്രീലങ്ക ഉള്പ്പടെയുള്ള രാജ്യങ്ങളിലാണ് ചിദംബരത്തിന്റെ രഹസ്യ നിക്ഷേപമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പറഞ്ഞു. നിലവില്‍ പന്ത്രണ്ട് രാജ്യങ്ങളുടെ കണക്കുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം കൈമാറിയിരിക്കുന്ന തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിക്ക് കൈമാറും. സിബിഐയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.
അതേസമയം ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിട്ടത്. ചിദംബരത്തിനെതിരെ മതിയായ തെളിവുണ്ടെന്നും അറസ്റ്റ് തടയരുതെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കപ്പെടുന്നതോടെ അറസ്റ്റിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.