കാശ്മീരില്‍ പാകിസ്ഥാന്‍ ബോംബ് ആക്രമണം; സ്ഥിരീകരിച്ച് രജൗരി ജില്ലാ കളക്ടര്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില് അതിര്ത്തി ലഘിച്ച പാക് യുദ്ധ വിമാനങ്ങള് ബോംബാക്രമണം നടത്തി. രജൗരി ജില്ലാ കളക്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബോംബ് വീണ സ്ഥലങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതല് അതിര്ത്തിയില് പാകിസ്ഥാന് വലിയ പ്രകോപനങ്ങളാണ് സൃഷ്ടിക്കുന്നത്. പലയിടങ്ങളിലും പാകിസ്ഥാന് വെടിനിര്ത്തല് കരാര് ലംഘിച്ച് ഇന്ത്യന് പോസ്റ്റുകള്ക്ക് നേരെ ഷെല്ലാക്രമണം നടത്തി. നൗഷേര, അഖ്നൂര്, കൃഷ്ണ ഘാട്ടി സെക്ടറുകളിലാണ് വെടിനിര്ത്തല് കരാര് ലംഘിച്ച് പാകിസ്ഥാന് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.
നേരത്തെ ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത് വെച്ച് നേരത്തെ പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി മുതലുണ്ടായ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച ഇന്ത്യ ഇന്ന് രാവിലെ നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്. ഷോപ്പിയാനിലുണ്ടായ സൈനിക നീക്കത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം.
ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ട് മണി വരെ നീണ്ടു. ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതായി നേരത്തെ പാക് ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.