രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് ആരോപിക്കുന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് ആരോപിക്കുന്ന ഹര്ജി സുപ്രീം കോടതി തള്ളി. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് ഒരു പേപ്പറില്‍ ഉണ്ട് എന്നതുകൊണ്ട് ബ്രിട്ടീഷ് പൗരത്വം ഉണ്ടാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇപ്പോള്‍ ഇങ്ങനെയൊരു ഹര്‍ജി എന്തിനാണെന്നും കോടതി ചോദിച്ചു.
ഇയാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണം എന്നാണ് ആഗ്രഹമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു. അതിന് പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കാത്ത ആരാണുള്ളതെന്ന മറു ചോദ്യം കോടതി ഉന്നയിച്ചു. 130 കോടി ജനങ്ങളില്‍ എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാകുമെന്നും അത് ആരോഗ്യപരമാണെന്നും കോടതി വിശദീകരിച്ചു.
ഡല്‍ഹി സ്വദേശികളായ ജയ് ഭഗവാന്‍ ഗോയല്‍, ചന്ദര്‍ പ്രകാശ് ത്യാഗി എന്നിവരാണ് രാഹുലിനെതിരെ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് പൗരത്വ വിഷയത്തില്‍ വിശദീകരണം ചോദിച്ചിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.