രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച വിമാനത്തിന്റെ ലാന്‍ഡിംഗ് വൈകിപ്പിച്ചു

ന്യൂഡല്‍ഹി: ശ്രീനഗറില്‍ നിന്ന് മടങ്ങിയ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച വിമാനത്തിന് ഡല്‍ഹിയില്‍ ലാന്‍ഡിംഗ് വൈകിപ്പിച്ചത് ആശങ്ക പരത്തി. ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ ഗോ എയര്‍ വിമാനം ലാന്‍ഡിംഗ് അനുമതി ലഭിക്കാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. ശ്രീനഗറില്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും മടക്കി അയച്ചിരുന്നു.
ഗുലാം നബി ആസാദ്, മനോജ് ഝാ, സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയവരായിരുന്നു രാഹുലിനൊപ്പം വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് പുറമേ നൂറിലധികം മറ്റു യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ലാന്‍ഡിംഗിന് ഒരുങ്ങുന്നതിനിടെ ലാന്‍ഡിംഗ് വൈകുമെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. റണ്‍വേ ലഭ്യമല്ലെന്ന് പൈലറ്റ് യാത്രക്കാരോട് വിശദീകരിച്ചു.
ഒരു വിമാനത്തില്‍ പക്ഷിയിടിച്ചെന്ന സംശയത്തില്‍ അടിയന്തര ലാന്‍ഡിംഗിന് സജ്ജമാകുന്നതിന്റെ ഭാഗമായാണ് എയര്‍ട്രാഫിക് കണ്ട്രോള് ലാന്‍ഡിംഗിന് അനുമതി നല്‍കാതിരുന്നതെന്ന് പിന്നീട് ഗോ എയര്‍ വക്താവ് അറിയിച്ചു.