മോദി, അമിത് ഷാ,ഡോവല്‍ എന്നിവരെ ഉന്നംവെച്ച് ജെയ്‌ഷെ; സുരക്ഷ പ്രശ്‌നം സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം

ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ശ്രീനഗര്, അവന്തിപുര, പഠാന്കോട്ട്, ജമ്മു തുടങ്ങിയ വ്യോമസേനാ താവങ്ങളില് 'ഓറഞ്ച് അലര്ട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്.
 | 
മോദി, അമിത് ഷാ,ഡോവല്‍ എന്നിവരെ ഉന്നംവെച്ച് ജെയ്‌ഷെ; സുരക്ഷ പ്രശ്‌നം സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ ഉന്നംവെച്ച് തീവ്രവാദി ആക്രമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണ സാധ്യതയുള്ള ഇന്ത്യയിലെ 30 നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

വ്യോമസേന താവളങ്ങളിലേക്കും ജെയ്‌ഷെ ആക്രമണ പദ്ധതിയൊരുക്കുന്നതായിട്ടാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍, അവന്തിപുര, പഠാന്‍കോട്ട്, ജമ്മു തുടങ്ങിയ വ്യോമസേനാ താവങ്ങളില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടമുന്‍പുള്ള ജാഗ്രതാ നടപടിയാണ് ഓറഞ്ച് അലര്‍ട്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട തീരുമാനമാണ് ആക്രമണ പദ്ധതിക്ക് പ്രചോദനമായിരിക്കുന്നതെന്നാണ് വിവരം.

നേരത്തെ പാക്സ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ കടത്തുന്നതായി സൈന്യം കണ്ടെത്തിയിരുന്നു. എ.കെ 47, സാറ്റലൈറ്റ് ഫോണുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ തുടങ്ങിയവയാണ് അതിര്‍ത്തി കടന്നെത്തുന്നത്. ജമ്മു കാശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ മുതലെടുത്ത് ആക്രമണം നടത്താനാണ് തീവ്രവാദികള്‍ പദ്ധതിയിടുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

10 ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് 8 തവണ ഇത്തരം ഡ്രോണുകള്‍ എത്തിയതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ ഒരു ഡ്രോണിനെ ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. യന്ത്രത്തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് പറക്കാന്‍ കഴിയാതിരുന്ന ഡ്രോണ്‍ തീവ്രവാദികള്‍ കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പഞ്ചാബില്‍ വെച്ച് ആയുധങ്ങളും 10 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി 5 തീവ്രവാദികള്‍ പിടിയിലായിരുന്നു. കാറില്‍ സഞ്ചരിക്കവെയാണ് ഇവരെ സൈന്യം പിടികൂടിയത്. ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന വിഘടനവാദി സംഘടനയുടെ പ്രവര്‍ത്തകരാണ് 5 പേരുമെന്ന് പോലീസ് അറിയിച്ചു.