മോദി നെഹ്‌റുവിനെയും രാജീവ് ഗാന്ധിയെയും പോലെ സ്വാധീനശക്തിയുള്ള നേതാവെന്ന് രജനികാന്ത്
ചെന്നൈ: നരേന്ദ്രമോദി നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും പോലെ സ്വാധീന ശക്തിയുള്ള നേതാവെന്ന് രജനികാന്ത്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും രജനി പറഞ്ഞു. കമല്‍ ഹാസനും രജനികാന്തിനും രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു രജനി. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം കമല്‍ ഹാസന്‍ സ്ഥിരീകരിച്ചിട്ടില്ല.
ഈ തെരഞ്ഞെടുപ്പു വിജയം മോദിക്ക് അവകാശപ്പെട്ടതാണ്. നെഹ്‌റു, രാജീവ് ഗാന്ധി എന്നിവര്‍ക്കു ശേഷം സ്വാധീന ശക്തി അവകാശപ്പെടാവുന്ന നേതാവാണ് മോദിയെന്ന് മാധ്യമപ്രവര്‍ത്തകരോട് രജനി പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കരുത്. വിജയിക്കാനാകുമെന്ന് തെളിയിക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ശക്തമായിരിക്കണമെന്നും രജനി പറഞ്ഞു.
വോട്ടെണ്ണല്‍ ദിനത്തില്‍ ബിജെപി വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചപ്പോള്‍ മോദിക്ക് അഭിനന്ദനവുമായി രജനി ട്വിറ്ററിലെത്തിയിരുന്നു. രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച രജനി ഇതുവരെ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. കമല്‍ ഹാസനാകട്ടെ മക്കള്‍ നീതി മയ്യം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തു.