‘പിഎം നരേന്ദ്ര മോഡി’ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ ‘പിഎം നരേന്ദ്ര മോഡി’ റിലീസ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. ചിത്രം തെരഞ്ഞെടുപ്പിന് മുന്നോടിയായി റിലീസ് ചെയ്യുന്നത് മോഡി തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നായിരുന്നു ബി.ജെ.പി പാളയത്തിന്റെ പ്രതീക്ഷ.
എന്നാല്‍ റിലീസ് തടഞ്ഞത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്. നേരത്തെ ചിത്രം ഏപ്രില്‍ 11നാണ് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ അനുവിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സുതാര്യവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് റിലീസ് തടയുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
നേരത്തെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡുമായി കൂടിയാലോചിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനം കമ്മീഷന്‍ കൈക്കൊള്ളുമെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 23 ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്.