ഐഎസ്ആര്‍ഒയ്ക്ക് അപശകുനമായത് മോദിയുടെ സാന്നിധ്യം! ആഞ്ഞടിച്ച് കുമാരസ്വാമി

ചന്ദ്രയാന് 2 ദൗത്യത്തിലെ വിക്രം ലാന്ഡര് സോഫ്റ്റ് ലാന്ഡിംഗിലുണ്ടായ പിഴവില് പ്രധാനമന്ത്രിയെ ട്രോളി കര്ണാടക മുന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
 | 
ഐഎസ്ആര്‍ഒയ്ക്ക് അപശകുനമായത് മോദിയുടെ സാന്നിധ്യം! ആഞ്ഞടിച്ച് കുമാരസ്വാമി

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗിലുണ്ടായ പിഴവില്‍ പ്രധാനമന്ത്രിയെ ട്രോളി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ഐഎസ്ആര്‍ഒയ്ക്ക് അപശകുനമായതെന്ന് കുമാരസ്വാമി പറഞ്ഞു. സോഫ്റ്റ് ലാന്‍ഡിംഗിന് സാക്ഷ്യം വഹിക്കുന്നതിനായി സെപ്റ്റംബര്‍ 6ന് ഐഎസ്ആര്‍ഒ ആസ്ഥാനത്ത് മോദി എത്തിയിരുന്നു. കൃത്യമായി തനിക്ക് പറയാന്‍ കഴിയില്ലെങ്കിലും മോദി ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തിയ സമയം ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഒരു അപശകുനമായിക്കാണുമെന്ന് കുമാരസ്വാമി വിശദീകരിച്ചു.

താനാണ് ചന്ദ്രയാന്‍ -2ന്റെ വിജയത്തിന് പിന്നിലെന്ന് ജനങ്ങളോട് വിളിച്ചു പറയുന്നതിനായാണ് അന്ന് രാത്രി മോദി അവിടെ എത്തിയതെന്നും എന്നാല്‍ ചന്ദ്രയാന്‍ പദ്ധതി ശാസ്ത്രജ്ഞന്‍മാരുടെ പ്രയത്‌നത്തിന്റെയും 2008-2009 കാലഘട്ടത്തില്‍ അധികാരത്തില്‍ ഇരുന്ന യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ഇക്കാലയളവിലാണ് പദ്ധതിക്കായുള്ള ക്യാബിനറ്റ് അനുമതി നല്‍കുകയും പണം ലഭ്യമാക്കുകയും ചെയ്തത്. എന്നാല്‍ താനാണ് ചന്ദ്രയാന്‍-2ന്റെ വിക്ഷേപണത്തിന് പിന്നിലെന്ന് അവകാശപ്പെടുന്നതിനായാണ് മോദി ഇവിടെ വന്നത്.

ഐഎസ്ആര്‍ഒയില്‍ എത്തിയ മുഖ്യമന്ത്രി യെദിയൂരപ്പയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും മോദി തിരിച്ചയച്ചുവെന്നും കുമാരസ്വാമി ആരോപിച്ചു. ഇവിടെ ആരുടെയും ആവശ്യമില്ലെന്ന് പറഞ്ഞാണ് എല്ലാവരെയും മടക്കി അയച്ചത്. മോദി പറഞ്ഞത് കേട്ട് മുഖ്യമന്ത്രിയം കേന്ദ്രമന്ത്രിമാരും വാലും മടക്കി മടങ്ങുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാനത്തിന് പേടിയാണെന്നതിന് തെളിവാണ് ഈ സംഭവമെന്നും കുമാരസ്വാമി പറയുന്നു.