ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇവിഎം ഹാക്ക് ചെയ്തു? ഏഴംഗ സംഘം പിടിയില്‍
മൈസൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പില് വോട്ടിംഗ് മെഷീന് ഹാക്ക് ചെയ്തെന്ന് സംശയിക്കുന്ന ഏഴംഗ സംഘം പിടിയിലായതായി റിപ്പോര്ട്ട്. തെരഞ്ഞെടുപ്പില് പരാജയപ്പെട്ട കോണ്ഗ്രസ് സ്ഥാനാര്ത്ഥികളാണ് ഇവരെ പിടികൂടി പോലീസില് ഏല്പ്പിച്ചത്. നരസിംഹ രാജ (എന്.ആര്) പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം വാര്ത്ത വസ്തുതാവിരുദ്ധമാണെന്ന് ബിജെപി പ്രതികരിച്ചു.
തെരഞ്ഞെടുപ്പിനു മുന്‍പ് ഏഴ് പേരടങ്ങുന്ന ഈ സംഘം തങ്ങളെ സമീപിക്കുകയും ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്ത് ജയം ഉറപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും തോറ്റ സ്ഥാനാര്‍ഥികള്‍ പറഞ്ഞു. പക്ഷേ അവരുടെ വാഗ്ദാനങ്ങള്‍ സ്വീകരിച്ചില്ല. ബിജെപി സ്ഥാനാര്‍ഥികളെ ഈ സംഘം സഹായിച്ചതുകൊണ്ട് മാത്രമാണ് തങ്ങള്‍ പരാജയപ്പെട്ടത് എന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ ആരോപിക്കുന്നു.
എന്‍.ആര്‍, ചാമരാജ, കെ.ആര്‍ എന്നീ മണ്ഡലങ്ങളിലാണ് അട്ടിമറി ആരോപണം ഉണ്ടായിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യല്‍ അസാധ്യമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിരാം ജി ശങ്കര്‍ പറഞ്ഞു.