പ്രതാപ് ചന്ദ്ര സാരംഗി; സാത്വികനെന്ന് വിശേഷിപ്പിക്കപ്പെട്ട സഹമന്ത്രിയുടെ ഭൂതകാലം ഇങ്ങനെ

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ മോദിക്കും അമിത് ഷായ്ക്കും ഒപ്പം കയ്യടി നേടിയ ഒരാള്‍ ഒഡിഷയില്‍ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗിയാണ്. ലാളിത്യത്തിന്റെ ചിഹ്നമെന്നും സാത്വികനെന്നും വാഴ്ത്തപ്പെട്ട സാരംഗി സൈക്കിളില്‍ സഞ്ചരിച്ച് നടത്തിയ പ്രചാരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയ താരമായ ഇദ്ദേഹത്തിന് സ്വന്തമായുള്ളത് ഒരു ഓലക്കുടിലാണെന്നും പണക്കാരനായ എതിര്‍ സ്ഥാനാര്‍ത്ഥിയെ മലര്‍ത്തിയടിച്ചാണ് ലോക്‌സഭയിലേക്ക് എത്തിയതെന്നുമൊക്കെ സ്തുതികള്‍ ഉയര്‍ന്നു.
എന്നാല്‍ ഈ സ്തുതികള്ക്കിടയില് അധികം ശ്രദ്ധ ലഭിക്കാതെ പോകുന്ന ഒരു ഭൂതകാലത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. 1990കളില്‍ ഒഡിഷയിലെ ബജ്രംഗ്ദള്‍ നേതാവായിരുന്നു ഇദ്ദേഹം. 1999ല്‍ ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും ഹിന്ദുത്വ ഭീകരര്‍ ചുട്ടുകൊല്ലുമ്പോള്‍ ബജ്രംഗ്ദളിന്റെ നേതൃത്വം സാരംഗിയായിരുന്നു വഹിച്ചിരുന്നത്. കൂട്ടക്കുരുതിയില്‍ ബജ്രംഗ്ദളിനെതിരെ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും വിചാരണ ഘട്ടത്തില്‍ തെളിവകളില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടു.
ദാരാ സിങ്ങും മറ്റു 12 പേരുമാണ് സംഭവത്തില്‍ പ്രതികളാക്കപ്പെട്ടത്. പിന്നീട് 2003ല്‍ ഒറീസ ഹൈക്കോടതി ദാരാ സിങ്ങിന് വിധിച്ച വധശിഷ ഇളവു ചെയ്തു. 11 പ്രതികളെ വെറുതെ വിടുകയും ചെയ്തു. 2002ല്‍ ഒറീസ അസംബ്ലി ആക്രമിച്ചതിന് ഇയാള്‍ക്കെതിരെ കലാപ ശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമുള്‍പ്പെടെ കേസുകള്‍ എടുത്തിട്ടുണ്ട്.