തടവിലിരിക്കുന്ന മുറി വൃത്തിയാക്കി പ്രിയങ്ക ഗാന്ധി; വീഡിയോ വൈറല്‍
പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന മുറി വൃത്തിയാക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ വൈറല്‍. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലെ പിഎസി ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസിലെ മുറി വൃത്തിയാക്കിയ ശേഷം പ്രിയങ്ക നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരം. ഞായറാഴ്ച ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ എത്തിയ പ്രിയങ്കയെ യുപി പോലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രിയങ്കയെ താമസിപ്പിച്ച മുറി അഴുക്കും പൊടിയും നിറഞ്ഞതായിരുന്നുവെന്നും അവര്‍ സ്വന്തമായി മുറി വൃത്തിയാക്കുകയായിരുന്നുവെന്നും പ്രിയങ്കയുടെ സംഘത്തിലെ ഒരംഗം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്കയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. പ്രിയങ്കയെയും ഒപ്പമുണ്ടായിരുന്ന ദീപേന്ദര്‍ ഹുഡയെയും ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.