പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി; കുടുംബ വാഴ്ചയെന്ന് മോഡി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് നിര്ണ്ണായക രാഷ്ട്രീയ നീക്കം നടത്തി കോണ്ഗ്രസ്. പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല് സെക്രട്ടറിയായി നിയമിച്ചു. കിഴക്കന് ഉത്തര്പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്കിയിരിക്കുന്നത്. ബിജെപി ശക്തികേന്ദ്രമെന്ന് കരുതുന്ന, 80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്പ്രദേശില് ലോക്സഭാ തെരഞ്ഞെടുപ്പില് മികച്ച മുന്നേറ്റം ലക്ഷ്യമിട്ടാണ് നിയമനം.
മുമ്പ് സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുത്തിട്ടുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് ആദ്യമായാണ് ചുവടുവെക്കുന്നത്. ഫെബ്രുവരി ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും. പ്രിയങ്ക എത്തുന്നതോടെ ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. നരേന്ദ്ര മോഡിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മണ്ഡലങ്ങള്‍ പ്രിയങ്കയുടെ പ്രവര്‍ത്തന പരിധിയിലാണ്.
എണ്‍പത് ലോകസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം സ്വന്തമാക്കേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്. പ്രിയങ്ക നേതൃനിരയിലേക്ക് എത്തുന്നത് ഇതിനു സഹായകമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അതേസമയം രാഷ്ട്രീയമെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചു. കുടുംബത്തില്‍ ഒരാള്‍ക്കു കൂടി പ്രമോഷന്‍ കിട്ടിയെന്ന് ബിജെപി പരിഹസിക്കുകയും ചെയ്തു.
എഐസിസിയില്‍ മറ്റു ചില പ്രധാന അഴിച്ചുപണികള്‍ കൂടി നടത്തിയിട്ടുണ്ട്. കര്‍ണാടകത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് സംഘടനാ ചുമതല നല്‍കി. കൂടാതെ, ജ്യോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായും ഹരിയാണയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഗുലാം നബി ആസാദിനെയും നിയമിച്ചു.