പ്രിയങ്ക വാരാണസിയിലേക്കില്ല; അജയ് റായിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വാരാണസിയില് പ്രിയങ്ക ഗാന്ധി വദ്ര മത്സരിക്കാനില്ല. അജയ് റായിയെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചു.
 | 
പ്രിയങ്ക വാരാണസിയിലേക്കില്ല; അജയ് റായിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വാരാണസി: വാരാണസിയില്‍ പ്രിയങ്ക ഗാന്ധി വദ്ര മത്സരിക്കാനില്ല. അജയ് റായിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. 2014ലും അജയ് റായ് തന്നെയായിരുന്നു നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. വാരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി താല്‍പര്യം അറിയിച്ചിരുന്നു. 29-ാം തിയതിയാണ് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

2014 തെരഞ്ഞെടുപ്പില്‍ അജയ് റായ് വാരാണസിയില്‍ മൂന്നാം സ്ഥാനത്താണെത്തിയത്. അരവിന്ദ് കെജ്രിവാള്‍ ആയിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. 5,81,022 വോട്ടുകള്‍ നേടിയാണ് മോഡി വാരാണസിയില്‍ വിജയിച്ചത്. അജയ് റായിക്ക് 75,614 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ഉത്തര്‍പ്രദേശിലെ കൊലാസ്ല മണ്ഡലത്തില്‍ നിന്നും 1996 മുതല്‍ 2007 വരെ ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച ചരിത്രവും അജയ് റായിക്കുണ്ട്.

പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എസ്പി, ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ബുധനാഴ്ച ഇവരും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതോടെ പ്രിയങ്ക മത്സരിക്കില്ലെന്ന് ഏകദേശം വ്യക്തമായിരുന്നു.