റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി തെരഞ്ഞെടുപ്പിന് ശേഷം

റഫാല് പുനഃപരിശോധനാ ഹര്ജിയില് വാദം പൂര്ത്തിയായി.
 | 
റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി തെരഞ്ഞെടുപ്പിന് ശേഷം

ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൂടുതല്‍ വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നല്‍കാന്‍ കോടതി കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പ് വിധിയുണ്ടാവില്ലെന്ന് ഉറപ്പായി. കരാറിലെ സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുവെച്ചുവെന്ന് ഹര്‍ജി നല്‍കിയ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ പിഴവുകളുണ്ടെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ വിലവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ വ്യവസ്ഥയുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. കരാര്‍ റദ്ദാക്കണമെന്നല്ല, ക്രിമിനല്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സിഎജി വിമാനത്തിന്റെ വിലയില്‍ പരിശോധന നടത്തിയില്ല. ആദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സിഎജി അംഗീകാരം നല്‍കുന്നതെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ വില വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടില്ലെന്നും നടപടിക്രമങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും എജി പറഞ്ഞു. അത് ഹാജരാക്കിയിട്ടുണ്ട്. അതില്‍ ചെറിയ പിഴവുണ്ടെങ്കില്‍ പോലും വിധി പുനഃപരിശോധിക്കാന്‍ അത് തക്കതായ കാരണമല്ലെന്നും എജി വ്യക്തമാക്കി.