സൈന്യം മോഡിയുടെ സ്വകാര്യ സ്വത്തല്ല; ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
അമേഠി: സൈന്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു രാഹുല്‍ ബി.ജെ.പിയെയും മോഡിയെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്. ഇത്തവണ ബി.ജെ.പി ജനങ്ങളില്‍ നിന്നും കനത്ത തിരിച്ചടി ഏറ്റുവാങ്ങും. ഭരണഘടനാ സ്ഥാപനങ്ങളെ രക്ഷിക്കാനും മോഡി ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറത്താക്കാനുമാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയത്ത് മോഡി ഭരണകൂടം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്നാണ് കോണ്‍ഗ്രസിന്റെ അനുമാനം. പ്രതിപക്ഷത്തെ നേരിടാന് പോലും കെല്പ്പില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് മോഡി. അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ല ഇന്ത്യന്‍ സൈന്യം. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് മിന്നലാക്രമണം നടത്തിയത് കോണ്‍ഗ്രസല്ല, മറിച്ച് സൈന്യമാണ്. മോഡിയും ബി.ജെ.പിയും ഇത്തവണ പരാജയമേറ്റു വാങ്ങുമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ മോഡിക്ക് യാതൊരു പദ്ധതികളുമില്ല. ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലാഴ്മയാണ്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് മോഡിക്ക് പറയാനൊന്നുമില്ല. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തു കളഞ്ഞ ഭരണമായിരുന്നു ബി.ജെ.പിയുടേത്. സൈന്യത്തിന്റെ കാര്യക്ഷമമായ പ്രവൃത്തിയെക്കുറിച്ചും ട്രാക്ക് റെക്കോര്‍ഡിലും മോഡിക്ക് എന്ത് കാര്യമാണുള്ളതെന്നും രാഹുല്‍ ചോദിച്ചു.