ട്വിറ്ററിനെതിരെ രാഹുൽ; പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന് ആരോപണം

ട്വിറ്റര്‍ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറുന്നു
 | 
rahul ghandhi

ട്വിറ്ററിനെതിരെ നിലപാടുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇന്ത്യയിൽ ട്വിറ്റർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അദേഹം ആരോപിച്ചു. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇവർ നടത്തുന്നതെന്നും രാജ്യത്തെ രാഷ്ട്രീയം തീരുമാനിക്കുന്ന ഈ നടപടി രാഷ്ട്രീയക്കാരനെന്ന നിലയിൽ തനിക്ക് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

'രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്ററിന്റെ ഈ നടപടി അംഗീകരിക്കില്ല. അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അപകടകരമാണ്. രാഹുൽ ഗാന്ധിയ്ക്ക് നേരെയുള്ള ആക്രമണമല്ല നടക്കുന്നത്, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലൂടെ രാഹുൽ ഗാന്ധിയ്ക്ക് മാത്രമല്ല ട്വിറ്റർ പൂട്ടിടുന്നത്. 20 മില്യൺ വരുന്ന തന്റെ ഫോളോവേഴ്‌സിന് അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് ട്വിറ്റർ ഇല്ലാതാക്കിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു. 

ഇത് തികച്ചും അനീതിയാണെന്ന് മാത്രമല്ല, ട്വിറ്റർ ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമാണ് എന്ന ആശയം ലംഘിക്കുന്നതും കൂടിയാണ്. ഒരു പാർട്ടിയുടെ പക്ഷം ചേരുക എന്നത് വളരെ ഏറെ അപകടം നിറഞ്ഞ കാര്യമാണ്. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ല, മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്റർ കേന്ദ്രം പറയുന്നത് കേട്ടാണ് പ്രവർത്തിക്കുന്നത്. ഇതിൽ തിരിച്ചടി നേരിടേണ്ടി വരും.' രാഹുൽ കൂട്ടിച്ചേർത്തു. 

നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയടക്കം നിരവധി പേരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. ഡൽഹിയിൽ കൊല്ലപ്പെട്ട ബാലികയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും കോൺഗ്രസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളും മരവിപ്പിച്ചത്. നിയമലംഘനം ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയെത്തുടർന്നായിരുന്നു അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.