ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തെ തള്ളി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. സംസ്ഥാന ഘടകത്തിന്റെ നിലപാടിന് വിരുദ്ധമാണ് ശബരിമല വിഷയത്തില് തന്റെ വ്യക്തിപരമായ നിലപാടെന്ന് രാഹുല് ഗാന്ധി പറഞ്ഞു. എന്നാല് ദേശീയതലത്തില് പാര്ട്ടിയുടെ ഔദ്യോഗിക നിലപാട് എന്താണെന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരണമൊന്നും നടത്തിയിട്ടില്ല.
‘സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. സ്ത്രീയും പുരുഷനും തുല്യരെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഇത് വൈകാരിക വിഷയമാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. കേരളത്തിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത് വൈകാരിക വിഷയമാണ്. സ്ത്രീകളും ആചാരങ്ങളെ പിന്തുണക്കുന്നു. ഞാനും എന്റെ പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍ എന്റെ പാര്‍ട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ഞാന്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്നു.’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം കെ.പി.സി.സിയെ രാഹുല്‍ ഗാന്ധിയുടെ നിലപാട് വെട്ടിലാക്കാനാണ് സാധ്യത. വിശ്വാസികള്‍ക്കൊപ്പമാണെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമീപനത്തില്‍ പിന്നീട് അയവു വരുത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കൂടി പുറത്തു വന്നതോടെ സംസ്ഥാന നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലാവും.