ജമ്മു കാശ്മീരിനെ കീറിമുറിക്കുന്നത് ദേശത്തെ ഒന്നാക്കില്ല; കാശ്മീരില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി കീറി മുറിക്കുന്നത് ദേശത്തെ ഒരുമിപ്പിക്കില്ല. ജനപ്രതിനിധികളെ ജയിലിലാക്കുന്നത് ഭരണഘടനാ ലംഘനമാണ്.
 | 
ജമ്മു കാശ്മീരിനെ കീറിമുറിക്കുന്നത് ദേശത്തെ ഒന്നാക്കില്ല; കാശ്മീരില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ ആദ്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി കീറി മുറിക്കുന്നത് ദേശത്തെ ഒരുമിപ്പിക്കില്ല. ജനപ്രതിനിധികളെ ജയിലിലാക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഈ രാജ്യം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ജനങ്ങളാലാണ്. അല്ലാതെ ഭൂമി മാത്രമല്ല. അധികാരത്തിന്റെ ഈ ദുരുപയോഗം രാജ്യ സുരക്ഷയില്‍ സാരമായ ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ച് ഒരു ദിവസം പിന്നിടുമ്പോളാണ് രാഹുലിന്റെ പ്രതികരണം എത്തിയത്. സോണിയ ഗാന്ധിയും സമീപകാലത്തായി ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെട്ടു കൊണ്ടിരിക്കുന്ന പ്രിയങ്ക ഗാന്ധിയും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസില്‍ ഒരു വിഭാഗം കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ബില്ലില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. ലോക്‌സഭയില്‍ വിഷയം ചര്‍ച്ചക്കെത്തിയപ്പോള്‍ പാക് അധീന കാശ്മീര്‍ വിഷയം ഉള്‍പ്പെടെ ഉന്നയിച്ച് കോണ്‍ഗ്രസിനെ നിശബ്ദമാക്കാനാണ് അമിത് ഷാ ശ്രമിച്ചത്.