സര് എന്നു വിളിക്കേണ്ട, രാഹുല്‍ എന്ന് മതി! ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ച് രാഹുല്‍

ചെന്നൈ: സര് എന്നു വിളിച്ച പെണ്‍കുട്ടിയോട് രാഹുല്‍ എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് രാഹുല്‍ ഗാന്ധി. ചെന്നൈ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി നടത്തിയ സംവാദത്തിനിടെയാണ് ഇത്. ഒരു പെണ്‍കുട്ടി സര് എന്നു വിളിച്ചപ്പോള്‍ രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് രാഹുല്‍ തിരുത്തി. പിന്നീട് വിദ്യാര്‍ത്ഥിനികള്‍ രാഹുല്‍ എന്നാണ് അഭിസംബോധന ചെയ്തത്. വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്ക് സരസമായി മറുപടി നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമായിരുന്നു രാഹുലിന്റെ സംവാദം.
മോഡിയോട് തനിക്ക് വെറുപ്പില്ല. വലിയ പാഠങ്ങള്‍ നല്കുന്ന ആളുകളെ ആര്‍ക്കാണ് വെറുക്കാനാകുക. മോഡിയില്‍ നിന്ന് ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. പാര്‍ലമെന്റിലെ പ്രസംഗം കേട്ടപ്പോഴാണ് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ മോഡിക്ക് കഴിയുന്നില്ലെന്ന് മനസിലായത്. കുറഞ്ഞത് തന്റെ സ്നേഹമെങ്കിലും കിട്ടട്ടെ എന്നു കരുതിയാണ് താന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതെന്നും രാഹുല്‍ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞു. സ്ത്രീകളാണ് പുരുഷന്മാരേക്കാള് മിടുക്കരെന്നാണ് താന്‍ കരുതുന്നത്. താനിപ്പോള്‍ ചെയ്യുന്നത് പോലെ മൂവായിരം പെണ്‍കുട്ടികളുടെ എല്ലാ ചോദ്യങ്ങളും നേരിട്ട് അവരുടെ മുന്നില്‍ നില്‍ക്കാനുള്ള ധൈര്യം മോദിക്കില്ലെന്ന് രാഹുല്‍ പരിഹസിച്ചു.
ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു രാഹുല്‍ ഗാന്ധി സംവാദത്തിനെത്തിയത്. ഐഐടി വിദ്യാര്‍ത്ഥികളുമായി സംവാദത്തിനെത്തിയ നരേന്ദ്ര മോഡി ഡിസ്ലെക്സിയയുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറിനെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥിനി പരാമര്‍ശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത് വാര്‍ത്തയായിരുന്നു.