ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് എതിരെ നിയമം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; എതിര്‍ത്ത് ബിജെപി

ആള്ക്കൂട്ട ആക്രമണങ്ങള്ക്ക് എതിരെ നിയമം പാസാക്കി രാജസ്ഥാന് സര്ക്കാര്.
 | 
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് എതിരെ നിയമം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; എതിര്‍ത്ത് ബിജെപി

ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് എതിരെ നിയമം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ആക്രമണത്തിന് ഇരയാകുന്നയാള്‍ മരിച്ചാല്‍ അക്രമികള്‍ക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലാണ് പാസാക്കിയത്. പ്രതിപക്ഷമായ ബിജെപിയുടെ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെ സഭ ബില്‍ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

കഴിഞ്ഞയാഴ്ച പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാള്‍ ആണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡിലും ക്രിമിനല്‍ പ്രൊസീജ്യറിലും ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യവസ്ഥയുണ്ടെങ്കിലും അവ പര്യാപ്തമല്ലെന്ന് ധരിവാള്‍ ബില്‍ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുന്നതിനാണ് കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആള്‍ക്കൂട്ടക്കൊലകള്‍ക്ക് എതിരെ നിയമനിര്‍മാണം വേണമെന്ന സുപ്രീം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു തിന്മയെ മുളയിലേ നുള്ളാനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ധരിവാള്‍ വ്യക്തമാക്കി. 2014ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണക്കേസുകളില്‍ 86 ശതമാനവും രാജസ്ഥാനിലാണ്. എന്നാല്‍ പുതിയ നിയമം നടപ്പാക്കുന്നത് സാധൂകരിക്കാന്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കണക്കുകള്‍ ഹാജരാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.