കോടതി അനുമതി നല്കിയാലും ഇല്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി മുന്‍ എംപി
ലക്‌നൗ: കോടതി അനുമതി നല്കിയാലും ഇല്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില് രാമക്ഷേത്രം നിര്മിക്കുമെന്ന് മുന് ബിജെപി എംപി രാംവിലാസ് വേദാന്തി. ശ്രീരാം ജന്മഭൂമി ന്യാസ് അംഗമായ ഇയാള് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പണികള് ആരംഭിച്ചിരിക്കുമെന്നാണ് പ്രഖ്യാപനം.
കോടതി അനുകൂല വിധി പുറപ്പെടുവിച്ചാല്‍ അതിനനുസരിച്ച് മുന്നോട്ടു പോകും. അല്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്നും വേദാന്തി പറഞ്ഞു. മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ യാതൊരുവിധ കോടതിവിധികളുമില്ലാതെയാണ് 1528ല്‍ ക്ഷേത്രം പൊളിച്ചത്. 1992ല്‍ ബാബറി മസ്ജിദ് പൊളിച്ചപ്പോഴും ആരും കോടതി വിധികള്‍ക്കുവേണ്ടി കാത്തുനിന്നില്ലെന്നും വേദാന്തി പറഞ്ഞു.
അയോധ്യയില്‍ തന്നെ രാമക്ഷേത്രം പണിയുമെന്നും രാമക്ഷേത്രം ഓരോ ഹിന്ദുവിന്റേയും ആവശ്യമാണെന്നും വേദാന്തി പറഞ്ഞു. അവിടെ ക്ഷേത്രം ഉയരുമെന്നത് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. അത് നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു.
എന്നാല്‍ അല്പം കൂടി ക്ഷമിക്കണമെന്നും അയോധ്യയില്‍ തന്നെ രാമക്ഷേത്രം ഉയര്‍ന്നിരിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് മറുപടിയായി പറഞ്ഞു. സര്‍ക്കാര്‍ നിയമങ്ങളും നീതിന്യായ വ്യവസ്ഥകളുമെല്ലാം ഇത്തരം കാര്യങ്ങളില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും യോഗി പറഞ്ഞു.