രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്; ശുപാര്‍ശ ചെയ്ത് ദീപക് മിശ്ര
ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന് ഗോഗോയ് ചീഫ് ജസ്റ്റിസ് പദവിയിലേക്ക്. അടുത്ത ചീഫ് ജസ്റ്റിസായി ഗോഗോയിയെ നിലവിലുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ശുപാര്ശ ചെയ്തത്. ദീപക് മിശ്രയ്ക്കെതിരെ കലാപമുയര്ത്തിയ നാല് ജഡ്ജിമാരില് ഒരാളാണ് ഗോഗോയ്. ചീഫ് ജസ്റ്റിസ് ആകാന് സീനിയോറിറ്റി ഗോഗോയ്ക്കാണ്. ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചുകൊണ്ടുള്ള കേന്ദ്ര സര്ക്കാരിന്റെ കത്തിന് മറുപടിയായാണ് ദീപക് മിശ്രയുടെ ശുപാര്‍ശ.
ജഡ്ജിമാര്‍ക്കിടയില്‍ നിലവിലുള്ള അതൃപ്തിയുടെ പശ്ചാത്തലത്തില്‍ സീനിയോറിറ്റി മറികടന്ന് നിയമനം നടത്തുമോ എന്ന ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ഗോഗോയിയെത്തന്നെ ദീപക് മിശ്ര ശുപാര്‍ശ ചെയ്യുകയായിരുന്നു. കീഴ് വഴക്കമനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളാറില്ല.
സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയര്‍ ജഡ്ജിമാരുടെ ബഞ്ചുകള്‍ക്ക് നല്‍കുകയും ചീഫ് ജസ്റ്റിസിന്റെ അപ്രമാദിത്വത്തിനുമെതിരെയാണ് ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജസ്റ്റിസ് മദന്‍ ബി.ലോകൂര്‍, ജസ്റ്റിസ് രഞ്ജന് ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ പരസ്യമായി ശബ്ദമുയര്‍ത്തിയത്.